Homepage Featured Kerala News

മുന്‍ എംഎല്‍എയെ കളത്തിലിറക്കിയാല്‍ തിരുവനന്തപുരം പിടിക്കാമോ? കോണ്‍ഗ്രസിന്റെ നീക്കത്തിനു പിന്നില്‍

ദ്ദേശ തിരഞ്ഞെടുപ്പിനു മറ്റു മുന്നണികളേക്കാള്‍ ഒരുമുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് യുഡിഎഫ് മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇറങ്ങുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 48 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കവടിയാറില്‍ മുന്‍ എംഎല്‍എ കെ.എസ്.ശബരിനാഥന്‍ മത്സരിക്കും. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ മൂന്നാം സ്ഥാനത്താണ് യുഡിഎഫ്. ഭരണമുള്ള എല്‍ഡിഎഫിനു 52 സീറ്റുകള്‍ ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള എന്‍ഡിഎയ്ക്കു 35 സീറ്റുകള്‍. ഒരു കാലത്ത് തിരുവനന്തപുരം നഗരത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന യുഡിഎഫ് വെറും 10 സീറ്റുകളില്‍ ഒതുങ്ങിയിരുന്നു.

കോര്‍പറേഷന്‍ ഭരണം സ്വന്തമാക്കിയാല്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സുപരിചിതനായ നേതാവിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കുമെന്ന സൂചന തുടക്കത്തിലെ നല്‍കുകയാണ് ശബരിനാഥന്റെ കവടിയാര്‍ സ്ഥാനാര്‍ഥിത്വത്തിലൂടെ.

തിരുവനന്തപുരത്തെ 14 നിയമസഭാ സീറ്റുകളില്‍ 13 എണ്ണത്തിലും എല്‍ഡിഎഫ് ആണ്. കോവളത്ത് ജയിച്ച എം.വിന്‍സെന്റ് മാത്രമാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം. സംസ്ഥാന ഭരണം പിടിക്കണമെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ സീറ്റുകള്‍ നേടേണ്ടത് അത്യാവശ്യമാണ്. നിയമസഭയില്‍ നേട്ടമുണ്ടാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിനാഥിനു പുറമേ കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മത്സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കും.

Related Posts