പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കെതിരേ വിമർശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ ‘മഹാ ജംഗിള്‍രാജ്’ ആണെന്ന് തേജസ്വി യാദവ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു തേജസ്വി യാദവ്.
മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകൻ ദുലാര്‍ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു തേജസ്വി. വ്യാഴാഴ്ച മൊകാമയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ദുലാര്‍ ചന്ദ് യാദവ് എന്ന ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. അനന്ത് സിങ്ങാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദുലാര്‍ ചന്ദ് യാദവിന്റെ കുടുംബത്തിന്റെ ആരോപണം. ഞായറാഴ്ച പുലര്‍ച്ചെയാണ് അനന്ത് സിങ്ങിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
അതേസമയം നവംബര്‍ പതിനാലാം തീയതി മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും സത്യപ്രതിജ്ഞ നവംബര്‍ 18-ന് നടക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഭരണത്തിലെത്തിയ ശേഷം നവംബര്‍ 26 മുതല്‍ ജനുവരി 26 വരെയുള്ള സമയത്ത്, ജാതി-മത ഭേദമന്യേ സകല ക്രിമിനലുകളെയും ജയിലിലാക്കുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
















