Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്ന് മൊഴി

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവര്‍ധന് 15 ലക്ഷം രൂപയ്‌ക്ക് വിറ്റു. ഗോവര്‍ധനാണ് എസ്‌ഐടി സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയുടെ പേരില്‍ പല തവണകളായി ഉണ്ണികൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നും ഗോവര്‍ധന്‍ മൊഴി നല്‍കി.

476 ഗ്രാം സ്വര്‍ണം ​ഗോവർധനു വിറ്റപ്പോൾ ആദ്യം 15 ലക്ഷം രൂപയാണ് വാങ്ങിയത്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് പലതവണകളായി 60 പവനോളം സ്വര്‍ണവും പൂജകളുടെയും അന്നദാനത്തിന്റെയും പേരിൽ 70 ലക്ഷത്തോളം രൂപയും ഗോവര്‍ധനില്‍ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് ​ഗോവർധന്റെ മൊഴി.

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി, ഇവിടെ വെച്ച് ഉരുക്കിയശേഷം ബാക്കി വന്ന 476 ഗ്രാം സ്വര്‍ണമാണ് ഗോവര്‍ധന് 2019-ൽ വിറ്റിരുന്നത്. ഇതിനു തുല്യമായ സ്വർണം നേരത്തേ അന്വേഷണസംഘം ബെല്ലാരിയില്‍ കണ്ടുകെട്ടിയിരുന്നു.

ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധനില്‍ നിന്ന് ശബരിമലയിലെ പൂജകളുടെയും അന്നദാനത്തിന്റെയും പേരിലാണ് പണം വാങ്ങിയിരുന്നത്. ശബരിമലയിലെ അസിസ്റ്റന്റ് ശാന്തിയാണെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനെ സമീപിച്ചിരുന്നത്. ഗോവര്‍ധനടക്കമുള്ളവര്‍ ശബരിമല ദര്‍ശനത്തിന് എത്തുമ്പോള്‍ എല്ലാ സൗകര്യവും ഏര്‍പ്പാടാക്കി നൽകിയതും പോറ്റിയായിരുന്നു. പത്തുവര്‍ഷത്തോളമായി പോറ്റിയുമായി ബന്ധമുണ്ടെന്ന് ഗോവര്‍ധന്‍ പറഞ്ഞെന്നാണ് വിവരം.

Related Posts