കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ട്. നഗരസഭ അസിസ്റ്റന്റ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിനാണ് ലഭിച്ചത്. വ്യാപകമായാണ് വോട്ടു മാറ്റൽ നടത്തിയിരിക്കുന്നത്. എന്നാൽ വോട്ട് മാറ്റുന്നത് സംബന്ധിച്ച് നോട്ടീസുകളോ രേഖകളോ ഓഫിസിൽ ലഭ്യമല്ല എന്നാണ് അസിസ്റ്റന്റ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വോട്ട് മാറ്റൽ നടത്തിയത് നിയമപരമായല്ലെന്നും അതിന് ആവശ്യമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് വോട്ടർ പട്ടികയിൽ മാറ്റങ്ങൾ നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഫോം 5, 13, 14 എന്നീ രേഖകളും, വോട്ടർമാരെ മാറ്റിയതിന്റെ നോട്ടീസുകളും രേഖകളും ഓഫീസിൽ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമായി സൂചിപ്പിക്കുന്നു. എഇആർഒയുടെ റിപ്പോർട്ടിന് പിന്നാലെ എൽഎസ്ഡിജി ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. നേരിട്ട് ഓഫീസിൽ പരിശോധന നടത്തുകയും റിപ്പോർട്ടിലെ വിവരങ്ങൾ ശരിവെക്കുകയും ചെയ്തു.
അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നിയമവിരുദ്ധമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന കൊടുവള്ളി നഗരസഭാ സെക്രട്ടറിയെ അടിയന്തരമായി സ്ഥലംമാറ്റാനും തുടർനടപടികൾ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
















