കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് സമരത്തെ അക്രമാസക്തമാക്കുന്നതിന് പിന്നിൽ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറയാണ് പരാതി നൽകിയിരിക്കുന്നത്.
സമാധാനപരമായി നടന്നുവന്ന സമരത്തെ സംഘർഷത്തിലേക്ക് നയിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സമരക്കാർക്കിടയിലേക്ക് കോഴി മാലിന്യം കയറ്റിയ വാഹനം ബലമായി കടത്തിവിടാനുള്ള പോലീസിന്റെ നീക്കമാണ് അക്രമത്തിന് കാരണമായത് എന്നാണ് ആരോപണം. അതേസമയം സമരക്കാർക്കിടയിൽ ഗ്രനേഡ് എറിഞ്ഞ് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും പോലീസുകാർ നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു. ടിയർ ഗ്യാസും ഗ്രനേഡും എറിഞ്ഞതിനെ തുടർന്ന് സമരക്കാർ ചിതറി ഓടിയപ്പോഴാണ് പോലീസ് കാവലിലുള്ള പ്ലാന്റിന് സമീപം തീപിടിത്തം ഉണ്ടായത്.
സംഭവത്തിൽ പ്ലാന്റ് അധികൃതരും പോലീസും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഡിഐജിയും കമ്പനി പ്രതിനിധികളും തമ്മിൽ നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങളും കൂടിക്കാഴ്ചകളും വിശദമായി അന്വേഷിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
















