തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷങ്ങൾ പൂർത്തിയാകുകയാണ്. നിയമസഭാ സമ്മേളനം ചേർന്ന് മുഖ്യമന്ത്രി സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നുവെന്ന പ്രത്യകതയും ഇന്നത്തെ കേരളപ്പിറവി ദിനത്തിനുണ്ട്. പ്രധാനമായും ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഒരാൾ അതിദാരിദ്ര്യത്തിലാണോ എന്ന് നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിറവേറ്റാൻ കഴിയാത്ത, ബാഹ്യ സഹായം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തവരെയാണ് അതിദരിദ്രരായി കേരളം കണക്കാക്കിയത്. 2021-ലാണ് സർക്കാർ അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് അഞ്ചുവർഷം കൊണ്ട് നടത്തിയ ജനകീയ ഇടപെടലുകളിലൂടെയാണ് സംസ്ഥാനം അതിദാരിദ്ര്യ മുക്തമെന്ന നേട്ടം കൈവരിച്ചത്.
പൊതുസമൂഹത്തിന്റെ കണ്ണിൽപ്പെടാതെ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലും കഴിയാതിരുന്ന ആളുകളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യം ചെയ്തതെന്ന് സംസ്ഥാന സർക്കാർ പറയുന്നു. സംസ്ഥാനത്ത് 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ ഇത്തരത്തിൽ കണ്ടെത്തി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2023 നവംബർ ഒന്നോടെ 30,658 കുടുംബങ്ങൾക്ക് സർക്കാർ സഹായമെത്തിച്ചു. സേവനങ്ങൾ നൽകുന്നത് തുടർന്നു. അങ്ങനെ 2025 ആഗസ്റ്റിലെത്തുമ്പോഴേക്കും, 53,027 കുടുംബങ്ങളിൽ സർക്കാരിന്റെ ഇടപെടലുണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ചേർന്ന് കുടുംബശ്രീ, രാഷ്ട്രീയക്കാർ, പൊതുപ്രവർത്തകർ, വിവിധ വകുപ്പുകളിലുള്ള സർക്കാർ ജീവനക്കാർ എന്നിവരാണ് ഇതിനായി പ്രവർത്തിച്ചത്.
വിവരങ്ങൾ ശേഖരിക്കുമ്പോൾ ചേർക്കാനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിലായിരുന്നു അതിദരിദ്രരെന്ന് കണ്ടെത്തിയവരുമായി ബന്ധപ്പെട്ട വിവരങ്ങളും അവരുടെ ആവശ്യങ്ങളും രേഖപ്പെടുത്തിയിരുന്നത്. ആവശ്യങ്ങൾ വ്യത്യസ്ഥമായിരുന്നു. അതുകൊണ്ട് ഓരോ കുടുംബത്തെയും നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവർക്കുമാത്രമായി ഓരോ പ്ലാനുണ്ടാക്കി. തയ്യാറാക്കിയ ഈ മൈക്രോ പ്ലാനുകളിലൂടെ ഇവരെ സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തുകയായിരുന്നു സർക്കാർ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം, വിവിധ കാരണങ്ങൾ കൊണ്ട് ഭക്ഷണം ബാഹ്യ സഹായമില്ലാതെ ലഭ്യമാക്കാൻ കഴിയാത്ത 20,648 കുടുംബങ്ങൾക്ക് മുടങ്ങാതെ ആഹാരം സർക്കാർ എത്തിക്കുക എന്നതായിരുന്നു. റേഷൻ കടകൾ വഴി 18,438 കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നു. സ്വയം ആഹാരം പാചകം ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടൽ സംരഭങ്ങളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും വീട്ടിലെത്തിച്ചു നൽകുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ സ്വന്തം വരുമാനം കൊണ്ടോ കുടുംബവരുമാനം കൊണ്ടോ ചികിത്സ തേടാൻ കഴിയാത്തവരെ സഹായിക്കുകയെന്നതായിരുന്നു സർക്കാർ ചെയ്ത മറ്റൊരു കാര്യം. ഈ ആവശ്യമുള്ള 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും ഉറപ്പാക്കി. ഒരംഗം മാത്രമുള്ള 14,862 കുടുംബങ്ങൾക്ക് (ഏകാംഗ കുടുബം) ആരോഗ്യ സഹായം ഉറപ്പാക്കി. 35,955 വ്യക്തികൾക്ക് ഇടതടവില്ലാതെ മരുന്നുകൾ നൽകി, 5777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങളും നൽകുന്നു. ചികിത്സയ്ക്കായി ചിലരെ ആശുപത്രികളിലെത്തിക്കുകയും, ആംബുലൻസ് സേവനം ഉറപ്പാക്കുകയും ചെയ്തു. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു.
വീട് നിർമാണവുമായി ബന്ധപ്പെട്ടതായിരുന്നു സർക്കാർ ആവിഷ്കരിച്ച പ്രധാനപ്പെട്ട ഒരു പദ്ധതി. വീടില്ലാതിരുന്ന എന്നാൽ വീട് സ്വന്തമായി നിർമിക്കാൻ കഴിയാതിരുന്ന 11,340 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. അതായത് രണ്ടു തരത്തിലാണ് സർക്കാർ ഇവർക്കായി സേവനം നൽകിയത്. വീട് നിർമിക്കാൻ സ്ഥലമുണ്ട് എന്നാൽ വീടില്ല അങ്ങനെയുള്ള 5,724 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി. 5,616 കുടുംബങ്ങൾക്ക് വീടും സ്ഥലവും സർക്കാർ നൽകി. ചില കുടുംബങ്ങൾ വീടുപണി തുടങ്ങി പക്ഷേ പല കാരണങ്ങൾ കൊണ്ട് പാതി വഴിയിലായിരുന്നു. 5400-ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5522 കുടുംബങ്ങളിൽ വീടുകൾക്ക് അറ്റകുറ്റപ്പണികൾ ബാക്കിയുണ്ടായിരുന്നു. അത്അ അവർക്ക് സർക്കാർ പൂർത്തിയാക്കി നൽകി. പുതിയ വീട് ആവശ്യമായവരിൽ 4005 പേർക്ക് വീടുകളുടെ നിർമ്മാണം പൂർത്തിയായി, 672 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളിൽ പുരോഗതിയിലാണ്. 428 പേരെ ഷെൽട്ടർ ഹോമുകളിലാക്കി. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കളിൽ 1417 വീടുകളുടെ നിർമ്മാണം പൂർത്തിയായി, 1296 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളിൽ പുരോഗതിയിലാണ്.
94 കുടുംബങ്ങൾക്ക് ‘ഉജ്ജീവനം’ പോലുള്ള പദ്ധതികളിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം സർക്കാർ നൽകിയിട്ടുണ്ട്. റേഷൻ കാർഡ്, ആധാർ, പെൻഷൻ തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്തവർക്കായി ‘അവകാശം അതിവേഗം’ എന്ന യജ്ഞത്തിലൂടെ 21,263 പേർക്ക് രേഖകൾ ലഭ്യമാക്കി. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 301 എയ്ഡ്സ് രോഗികൾക്ക് ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴി ലഭ്യമാക്കി.
















