തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നാമത്തെയാൾ അറസ്റ്റിൽ. മുന്‍ എക്സിക്യുട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ച ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെയാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്തത്. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ചോദ്യം ചെയ്തതിനെത്തുടർന്ന് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്യുകയായിരുന്നു. ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലേത് സ്വര്‍ണപ്പാളികള്‍ അല്ലെന്നും ചെമ്പുപാളികള്‍ ആണെന്നും മുരാരി ബാബു റിപ്പോര്‍ട്ട് ചെയ്ത 2019 കാലത്ത് സുധീഷ്‌കുമാര്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
















