Kerala Lead News News

അതിദാരിദ്ര്യമുക്ത കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അഭിനന്ദനം, മനുഷ്യന്റെ ഇടപെടൽ കൊണ്ട് ദാരിദ്ര്യത്തെ തോൽപ്പിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യമില്ലാത്ത കേരളം യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ഇടപെടൽ കൊണ്ട് അതിദാരിദ്ര്യത്തെ ചെറുത്തു തോൽപ്പിക്കാമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കുടുംബശ്രീ, മാവേലി സ്റ്റോർ തുടങ്ങിയ നിരവധി പദ്ധതികളെ പ്രതിപക്ഷം എതിർത്തിരുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിദരിദ്ര്യരില്ലാത്ത കേരളത്തിന്റെ പൊതു പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിദാരിദ്ര്യമില്ലാത്ത കേരളം യാഥാർഥ്യമാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും എടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം തുടക്കം മുതൽ ഒടുക്കം വരെ ഇടപെട്ടതും നേതൃത്വം നൽകിയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യം നേരിടുന്നവരുടെ പട്ടികയിലെ അവസാനത്തെയാളെയും സഹായിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ഇതൊരു തട്ടിപ്പല്ല യാഥാർത്ഥ്യമെന്ന് പിണറായി വിജയൻ പറഞ്ഞു. അത്തരമൊരു പരാമർശം കേൾക്കേണ്ടി വന്നതുകൊണ്ടാണ് പറയേണ്ടി വന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വിഡി സതീശന്റെ വിമർശനത്തെക്കുറിച്ചായിരുന്നു പിണറായിയുടെ പരോക്ഷ പ്രതികരണമെന്നാണ് കരുതുന്നത്. ജനങ്ങളെ ‘വിഡ്ഢികളാക്കുന്ന പീറ പ്രൊപ്പജണ്ട’യെന്നും സതീശൻ പറഞ്ഞിരുന്നു. തട്ടിപ്പ് എന്നത് സ്വന്തം ശീലമാണെന്ന് പിണറായി വിജയനും നിയമസഭയിൽ വെച്ചു തന്നെ തിരിച്ചടിച്ചിരുന്നു.

ഒരു വായ്പയെടുത്തെന്നും തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ ജപ്തിയിലേക്ക് പോകുന്നു. 4.7 ലക്ഷത്തോളം വീട് നൽകിയ ​ഗവൺമെന്റിന് ഇത്തരത്തിൽ ജപ്തിയിലേക്ക് പോകുന്നതിനെതിരെ നിയമം നിർമിക്കേണ്ടതായി വന്നുവെന്നും ഏക കിടപ്പാടം സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ മാതൃശിശു മരണനിരക്ക് കേരളത്തിലേക്കാളേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎസിലെ സാക്ഷരതയേക്കാൾ കൂടുതൽ കേരളത്തിൽ സാക്ഷരതയുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി.

64006 കുടുംബങ്ങളെയും ദാരിദ്ര്യ മുക്തമാക്കിയതായി പിണറായി വിജയൻ സാക്ഷ്യപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ടുകൾ അനുവദിച്ചായിരുന്നു സംസ്ഥാനം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാനുള്ള ചുവടുവെപ്പു നടത്തിയത്. മമ്മൂട്ടിയാണ് ചടങ്ങിലെ മുഖ്യാതിഥി.

Related Posts