തിരുവനന്തപുരം: വിശക്കുന്ന വയറിന് മുന്നിൽ വികസനത്തിന് വിലയില്ലെന്ന് നടൻ മമ്മൂട്ടി. സർക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി തുടച്ചുമാറ്റപ്പെടണം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പിൽ ഒരു വികസനത്തിനും വിലയില്ല എന്നും മമ്മൂട്ടി പറഞ്ഞു.
സാമൂഹിക സേവന രംഗങ്ങളിൽ നമ്മൾ മറ്റ് പലരേയും അപേക്ഷിച്ച് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം നേടിയത് നമ്മുടെ സാമൂഹിക ബോധത്തിന്റെ, ജനാധിപത്യ ബോധത്തിന്റെ ഫലമായി തന്നെയാണ്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ. ദാരിദ്രം ഇനിയും നമ്മുടെ മുന്നിൽ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധിയെ നാം കേരള ജനത തോളോട് തോൾ ചേർന്ന് നിന്ന് അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിന് എന്നേക്കാൾ നാലഞ്ച് വയസ് കുറവാണ്. കേരളം എന്നേക്കാൾ ഇളയതും ചെറുപ്പവുമാണ്. നമ്മുടെ സാമൂഹിക സൂചികകൾ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ 20ൽ ഒരു ഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങൾ കൊയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
















