ആരിക്കിരി ക്ഷേത്രത്തിലേക്കുള്ള സംഭാവന അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി
തൃപ്രയാർ : ഇത്തവണത്തെ പൂരത്തിന് എം.എ യൂസഫലി പങ്കെടുക്കണമെന്ന അഭ്യർത്ഥന പങ്കുവച്ച് നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി ക്ഷേത്രം ഭാരവാഹികൾ. തൃപ്രയാർ വൈമാളിന്റെ ലാഭവിഹിതത്തിൽ നിന്ന് നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ ചടങ്ങിലാണ് ക്ഷേത്രം ഭാരവാഹികളുടെ അഭ്യർത്ഥന എത്തിയത്.
മുൻ വർഷങ്ങളിൽ മൂന്ന് ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഈവർഷം മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തിയിരുന്നു. യൂസഫലി ജന്മനാട്ടിലെ പൂരം കാണാനായി കുട്ടിക്കാലത്ത് ഒരുപാട് തവണയെത്തിയിട്ടുള്ള ക്ഷേത്രം കൂടിയാണിത്. പിന്നീട് വ്യവസായ പ്രമുഖനായി വളർന്നപ്പോഴും വർഷങ്ങൾക്ക് മുൻപ് പൂരദിവസം സമയം കണ്ടെത്തി വന്നിരുന്നു. ഇത്തവണത്തെ പൂരത്തിന് യൂസഫലിക്കയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അതിനാൽ തന്നെയാണ് ക്ഷേത്രം ഭാരവാഹികൾ ആഗ്രഹം പങ്കുവച്ചതും.

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുമായിട്ടാണ് എം.എ യൂസഫലിയുടെ സംഭാവനായായുള്ള തുക കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നിർദേശപ്രകാരം വൈ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. എം.എ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരീസ് , ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ആരിക്കിരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് എൻ.പി അഘോഷ്, സെക്രട്ടറി എ.കെ ചന്ദ്രശേഖരൻ, കമ്മിറ്റി അംഗം എ.കെ ഗോപി എന്നിവർക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
വൈ മാൾ ഉദ്ഘാടന വേളയില്‍ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം, നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് പതിവ് തെറ്റിക്കാതെ ഇത്തവണയും കൈമാറിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷേത്രത്തെ സഹായിക്കുന്ന അദ്ദേഹത്തിനും കുടുംബത്തിനും സ്ഥാപനങ്ങൾക്കുമുള്ള കൃതജ്ഞ എപ്പോഴുമുണ്ടാകുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
















