Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യൽ നടന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്.

അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കുകയാണ്. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നും എസ്ഐടിയുടെ ആവശ്യം ഉന്നയിച്ചിരുന്നു.

ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

Related Posts