കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു.
ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 16 കാരി. പ്രതികൾ പന്തീരാങ്കാവിലെ ഫ്ലാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിടെ വെച്ച് മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും, ഷബീര്‍ അലിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. 22ന് അര്‍ധരാത്രിയോടെ ബീച്ചില്‍ കൊണ്ടു വിട്ട പെൺകുട്ടിയെ വനിതാ പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കണ്ടെത്തുന്നത്.
പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് ഫ്ലാറ്റ് തിരിച്ചറിഞ്ഞ പൊലീസ് പ്രധാന പ്രതികളായ മുഹമ്മദ് സാലിഹിനേയും, ഷബീര്‍ അലിയേയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സ്വാലിഹ്. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീമും, മുഹമ്മദ് റയീസും അറസ്റ്റിലായത്.
















