Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജയിലിൽ തുടരും. റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം 7 ന് പരിഗണിക്കും. എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ. ദൈവതുല്യൻ ആരെന്ന ചോദ്യത്തിന് ശവം തീനികളല്ലെന്നും മറുപടി. കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ മൊഴി. പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ പറഞ്ഞത് പത്മകുമാറാണ്. സർക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എൻ വിജയകുമാർ മൊഴി നൽകി.

കാര്യങ്ങൾ എല്ലാം അറിയാവുന്നത് എ പത്മകുമാറിനാണെന്നും സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എൻ വിജയകുമാറിന്റെ മൊഴി. വായിച്ചു നോക്കാതെ ഒപ്പിടുകയാണ് ചെയ്തതെന്ന് എൻ വിജയകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം വിജയകുമാറിന്റെ മൊഴി പൂർണമായി അന്വേഷണം സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ജുഡിഷ്യൽ റിമാൻഡിൽ തുടരുന്ന വിജയകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സം​ഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്.

Related Posts