കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് വിവരാവകാശരേഖ. വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. വഖഫിന്റെ ഈ നടപടി വഖഫ് നിയമത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടുകയാണ് മുനമ്പം സമരസമിതി. മുനമ്പം ഭൂമി തർക്കം സംബന്ധിച്ച കേസ് ജനുവരി 27ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് നിർണായക വിവരാവകാശരേഖ സമരസമിതിക്ക് ലഭിച്ചിരിക്കുന്നത്.
തർക്ക ഭൂമിയിലെ താമസക്കാർക്ക് നോട്ടീസ് നൽകാതെയാണ് ഭൂമി രജിസ്റ്ററിൽ ചേർത്തതെന്നാണ് വഖഫ് ബോർഡിൻറെ തന്നെ വിവരാവകാശനിയമ പ്രകാരമുള്ള മറുപടി. ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജിൽ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് വഖഫ് ബോർഡ് സമ്മതിക്കുന്നു. വഖഫ് ബോർഡിൻറെ വീഴ്ച വ്യക്തമാക്കുന്ന നിർണായക രേഖ ആണ് ഇതെന്ന് മുനമ്പം സമരസമിതി പറഞ്ഞു. സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിൻ്റെയും ലംഘനം ഇതോടെ വ്യക്തമായെന്നും സമരസമിതി പറയുന്നു. വിവരാവകാശരേഖ വഖഫ് ട്രിബ്യൂണലിന് മുന്നിൽ നിർണായക തെളിവായി ഉപയോഗിക്കാൻ കഴിയുമെന്നാണ് മുനമ്പം സമരസമിതി പ്രതീക്ഷിക്കുന്നത്.
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് ഡിസംബർ 12 ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. മുനമ്പം അന്വേഷണ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാമെന്നും നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസും നൽകിയിരുന്നു.
വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ല. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാർ ചൂണ്ടിക്കാട്ടി.
മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നും മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന വിഷയമെന്നും കേരള വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി നേരത്തേയുണ്ടായിരുന്ന മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി ഡിസംബർ 12 ന് സ്റ്റേ ചെയ്തത്. കേസ് 2026 ജനുവരി 27ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
നേരത്തേ ഹൈക്കോടതി വിധിയുടെ പാശ്ചാത്തലത്തിൽ മുനമ്പത്തെ താമസക്കാർക്ക് കരമടയ്ക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകിയിരുന്നു. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച മുനമ്പത്തെ ഭൂമിയിൽ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 615 കുടുംബങ്ങളാണ് മുനമ്പത്ത് ഉള്ളത്.
















