തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അംഗങ്ങൾ ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്തി, ഭരണവും പിടിച്ചെന്ന് മുഖ്യമന്ത്രി. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയുമായി സഹകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത് തടയാനായിരുന്നു, 8 കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജി വെച്ച് ബിജെപിയോടൊപ്പം മറ്റത്തൂരിൽ ഭരണത്തിലെത്തിയത്. ഇതോടെ 10 വാർഡുകളിൽ വിജയിച്ചിട്ടും എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
‘ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസ് അംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.’- മുഖ്യമന്ത്രി പറഞ്ഞു.
അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എംഎൽഎമാർ എൻഡിഎയിലെത്തിയത് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പുതുച്ചേരി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ കൂറുമാറ്റത്തിന് സമാനമാണ് ഇപ്പോഴുള്ള മറ്റത്തൂരിലെ സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ‘2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.’- പിണറായി വിജയൻ വ്യക്തമാക്കി.
ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും ബിജെപി – കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരു മടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
















