തിരുവനന്തപുരം: SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ സഹായമൊരുക്കി സംസ്ഥാന സർക്കാർ. വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ഹെൽപ് ഡെസ്കിന്റെ ചുമതല നൽകും. ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും.
അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വിവിധ കാരണങ്ങൾ പേരു ചേർക്കാൻ കഴിയാത്ത അർഹരായവർക്കാണ് ഇപ്പോൾ അവസരം ലഭിക്കുക. അതേസമയം മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കും. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. അടുത്തമാസം വരെ വിവിധ സംസ്ഥാനങ്ങളിലെ കരട് പട്ടികയിൽ പരാതി ഉന്നയിക്കാൻ സമയമുണ്ട്.
രാജ്യത്ത് ഉത്തർപ്രദേശ് ഒഴികെ പതിനൊന്ന് ഇടത്ത് (9 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലും) കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഈ മാസം 31 വരെ പട്ടിക പരിഷ്കരണത്തിന് സമയം നല്കിയിരിക്കുകയാണ്. പലയിടത്തും വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായി കാണാനാകും. തമിഴ്നാട്ടിൽ 97 ലക്ഷം വോട്ടർമാകെ ഒഴിവാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാളിൽ 58 ലക്ഷം പേർ ഒഴിവായിട്ടുണ്ട്. ഗുജറാത്തിൽ 73 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ മധ്യപ്രദേശിൽ 42.74 ലക്ഷം വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയത്. ഛത്തീസ്ഗഡിൽ 27 ലക്ഷം പേരും ആൻഡമാനിൽ 54000 പേരും പട്ടികയിൽ ഇല്ല. 11 ഇടങ്ങളിലുമായി എസ്ഐആറിനു ശേഷമുള്ള കരടിൽ മൂന്നു കോടി എഴുപത് ലക്ഷം പേരാണ് ആകെ കുറഞ്ഞത്.
















