Homepage Featured Kerala News

തിരുവനന്തപുരം ജില്ലാപഞ്ചായത്തിൽ വി പ്രിയദർശിനി അധ്യക്ഷയാകും; മലപ്പുറത്ത് ജബ്ബാർ ഹാജി, കോട്ടയത്ത് ജോഷി ഫിലിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷം നേടിയാണ് കല്ലമ്പലം വാർഡിൽ വിജയം സ്വന്തമാക്കിയിരുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിന്റെ അഡ്വ. ബിനോയ് കുര്യൻ ചുമതലയേറ്റു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ടി ഷബ്ന കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ രാ​ഗേഷ് അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാപഞ്ചായത്തിൽ അധ്യക്ഷ പദവിയിലേക്ക് പിഎ ജബ്ബാർ ഹാജിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ‘സർപ്രൈസ് സ്ഥാനാർഥി’ ആയി എ.പി. സ്മിജിയും തെരഞ്ഞെടുക്കപ്പെട്ടു. വാഴക്കാട് എളമരം സ്വദേശിയായ ജബ്ബാർ ഹാജി അരീക്കോട് ഡിവിഷനിൽ നിന്ന് 12,791 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്റെ മകളാണ് സ്മിജി. എസ്‌സി വനിതാ സംവരണ ഡിവിഷനായ താനാളൂരിൽ നിന്ന് 6852 വോട്ട് ഭൂരിപക്ഷത്തിനാണ് സ്മിജി ജയിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി യുഡിഎഫിന്റെ മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും. കേരള കോണ്‍ഗ്രസിനും ഒരു വര്‍ഷം അധ്യക്ഷ സ്ഥാനം നല്‍കാനാണ് യുഡിഎഫില്‍ ധാരണ. കേരള കോണ്‍ഗ്രസിന്റെ ജോസ്‌മോന്‍ മുണ്ടക്കന്‍ അടുത്ത ടേമില്‍ അധ്യക്ഷനാകും. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ടേം എപ്പോഴാണെന്നതില്‍ തീരുമാനമായിട്ടില്ല.

Related Posts