കാസർഗോഡ്: കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 4 മിനുട്ട് വൈകി എത്തിയതിനെ തുടർന്ന് അംഗത്തിന് വോട്ട് രേഖപ്പെടുത്താനായില്ല. കാസർഗോഡ് ജില്ലാപഞ്ചായത്ത് അംഗം ഇർഫാന ഇക്ബാലിനാണ് വോട്ട് നഷ്ടമായത്. ട്രാഫിക്കിൽ പെട്ടതുകൊണ്ടാണ് സമയത്ത് എത്താൻ കഴിയാതിരുന്നത് എന്ന് ഇർഫാന പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ മെമ്പർക്കും വൈകി എത്തിയതിനെ തുടർന്ന് വോട്ട് നഷ്ടമായി മുഹമ്മദലിക്കാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. 10 മണിക്ക് എത്തേണ്ടിയിരുന്നിടത്ത് ഇയാൾ എത്തിയത് 10.40 ഓടെയായിരുന്നു. ഇക്കാരണത്താൽ വരണാധികാരി വോട്ട് ചെയ്യുന്നത് തടയുകയായിരുന്നു.
ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് 9 അംഗങ്ങളും ബിജെപിക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗം പങ്കെടുത്തില്ല. എന്നാൽ എൽഡിഎഫിലെ 11-ാം വാർഡംഗമായ ഇന്ദിരാ ഉദയന്റെ വോട്ട് അസാധുവായതിനെ തുടർന്ന് എൽഡിഎഫിനും യുഡിഎഫിനും തുല്യവോട്ടുനില വന്നു. ഇതോടെ പഞ്ചായത്തിൽ നറുക്കെടുപ്പ് നടത്തേണ്ടിവന്നു. നാടകീയമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ഭാഗ്യം തുണച്ചപ്പോൾ സിപിഐ അംഗമായ സികെ സരള നറുക്കെടുപ്പിലൂടെ പ്രസിഡന്റായി.
വയനാട് മൂപ്പൈനാട് പഞ്ചായത്തിൽ അംഗനിലയിൽ മുൻതൂക്കം നേടിയിട്ടും ഭാഗ്യം തുണക്കാത്തതിനാൽ എൽഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-എട്ട് എന്നിങ്ങനെയുള്ള കക്ഷിനില അനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. എന്നാൽ എൽഡിഎഫിലെ ഒമ്പതാം വാർഡ് മെമ്പറുടെ വോട്ട് അസാധുവായതിനാൽ ഇടതുപക്ഷത്തിന് 8 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. വോട്ടുനില തുല്യമായതിനെത്തുടർന്ന് വിജയിയെ കണ്ടെത്താനായി അധികൃതർ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സിവി സുധ വിജയിയായി. 25 വർഷമായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ ഭരണം ലഭിക്കാനുള്ള സാധ്യതയാണ് എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതിലൂടെ നഷ്ടപ്പെട്ടത്.
















