Homepage Featured Kerala News

2025 ല്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കിയ സംഭവങ്ങള്‍, വാര്‍ത്ത

2025, രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടുത്തോളം സംഭവബഹുലമായ വര്‍ഷം. ശബരിമല മുതല്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ വരെ മലയാളികളുടെ ‘ഹോട്ട് ടോപ്പിക്ക്’ ആയി. പോയ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ സംഭവങ്ങള്‍, വാര്‍ത്തകള്‍ പരിശോധിക്കാം:

2025 ലെ ഏറ്റവും ചൂടേറിയ വാര്‍ത്ത കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളാണ്. ഒന്നിലേറെ യുവതികളാണ് രാഹുലില്‍ നിന്ന് അതിക്രമം നേരിട്ടതായി ആരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ രാഹുലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അതിജീവിതയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനിടെ അറസ്റ്റ് ഭയന്ന് രാഹുല്‍ ഒളിവില്‍ പോയതും വലിയ ചര്‍ച്ചയായി.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ മരണം 2025 ല്‍ രാഷ്ട്രീയ കേരളത്തിനു തീരാനഷ്ടമായിരുന്നു. 101-ാം വയസ്സില്‍ 2025 ജൂലൈ 21 നാണ് വി.എസ് അന്തരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അന്ത്യയാത്രയ്ക്കും 2025 സാക്ഷിയായി. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.

സിനിമ താരങ്ങളില്‍ എല്ലാ വര്‍ഷത്തെയും പോലെ മോഹന്‍ലാല്‍ തന്നെ ചര്‍ച്ചകളില്‍ ഒന്നാമനായി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലാലിനു ലഭിച്ചു. ഒപ്പം പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ എമ്പുരാന്‍ ഉള്ളടക്കം കൊണ്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാരണമായി.

താരസംഘടനയായ ‘അമ്മ’യിലെ ഭാരവാഹി തിരഞ്ഞെടുപ്പും 2025 ലെ ചൂടേറിയ വിഷയമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ‘അമ്മ’യ്ക്കു വനിത പ്രസിഡന്റ്. നടി ശ്വേത മേനോന്‍ ആണ് ‘അമ്മ’ സംഘടനയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കേരളം ഞെട്ടിയ കൊലപാതക പരമ്പരയാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ 23 കാരന്‍ അഫാന്‍ നടത്തിയത്. മുത്തശ്ശി, അമ്മാവന്‍, അമ്മായി, അനിയന്‍, പെണ്‍സുഹൃത്ത് തുടങ്ങി അഞ്ച് പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. സ്വന്തം അമ്മയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളോടെ അവര്‍ രക്ഷപ്പെട്ടു. കൊലപാതകങ്ങള്‍ക്കു ശേഷം അഫാന്‍ ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തിരുന്നു.

കേരളത്തിനു അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം 2025 മേയില്‍ നടന്നു. തങ്ങളുടെ ഭരണനേട്ടമായി ഇടതുപക്ഷം വിഴിഞ്ഞത്തെ ഉയര്‍ത്തി കാട്ടുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.

ലഹരിമരുന്ന് കേസ്, പീഡന കേസ് എന്നിവയില്‍ റാപ്പ് ഗായകന്‍ വേടന്‍ അറസ്റ്റിലായതും തുടര്‍ന്നുണ്ടായ വിവാദങ്ങളും 2025 നെ ചൂടുപിടിപ്പിച്ചു. വേടന്റെ പേരില്‍ കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ വരെ നടന്നു. ഇതിനിടെ വേടന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലേക്ക് എത്തുമെന്ന വാര്‍ത്തയും 2025 ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നാണ്. സംസ്ഥാന സര്‍ക്കാര്‍ അടക്കം നേതൃത്വം നല്‍കിയാണ് മെസിയെ കേരളത്തിലേക്ക് കൊണ്ടുവരികയെന്ന് പ്രഖ്യാപനം ഉണ്ടായി. പിന്നീട് മെസി ഇന്ത്യയിലെത്തിയെങ്കിലും കേരളം സന്ദര്‍ശിച്ചില്ല. ഇതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായി.

ശബരിമല സ്വർണ്ണപ്പാളി മോഷണ കേസാണ് 2025 അവസാനത്തേക്ക് എത്തിയപ്പോള്‍ രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ.പത്മകുമാര്‍, എന്‍.വാസു എന്നിവര്‍ ഈ കേസില്‍ അറസ്റ്റിലായതാണ് കേസിനു രാഷ്ട്രീയ മാനം വരാന്‍ കാരണം.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതും 2025 ല്‍ കണ്ടു. കേസില്‍ ഗൂഢാലോചന കുറ്റത്തിനു ജയില്‍വാസം അടക്കം അനുഭവിച്ച ദിലീപ് എട്ടാം പ്രതിയായിരുന്നു. തെളിവുകളുടെ അഭാവമാണ് ദിലീപിനെ വെറുതെ വിടുന്നതിലേക്ക് കൊണ്ടെത്തിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പാണ് ഇക്കാലയളവില്‍ കേരളം ആവേശത്തോടെ ചര്‍ച്ച ചെയ്തത്. 941 പഞ്ചായത്തുകളില്‍ 505 എണ്ണം നേടി യുഡിഎഫ് ആധിപത്യം സ്ഥാപിച്ചു. എല്‍ഡിഎഫ് 340 ലേക്ക് ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 79 എണ്ണം യുഡിഎഫും 64 എണ്ണം യുഡിഎഫും നേടി. ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം (7-7). ആറ് കോര്‍പറേഷനുകളില്‍ നാലിടത്തും യുഡിഎഫ്, എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഓരോ കോര്‍പറേഷനുകള്‍. ചരിത്രത്തില്‍ ആദ്യമായി ബിജെപി കേരളത്തിലെ ഒരു കോര്‍പറേഷന്‍ ഭരണം പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്.

Related Posts