Homepage Featured Kerala News

ലഹരി ഉപയോ​ഗിച്ചോ? ജോലി പോകും; ‘പോഡ’ നയമനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളിലും ഇനി ലഹരി പരിശോധന

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ലഹരി ഉപയോ​ഗിച്ചോ എന്ന് പരിശോധിക്കും. ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി.

രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ലഹരി ഉപയോ​ഗിക്കുന്നവരെ കണ്ടെത്താൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രയാസമുണ്ടാകില്ല. കേരള പോലീസ് നടപ്പാക്കുന്ന ‘പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ്’ എന്ന പദ്ധതി ഐടി കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. PODA എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുക.

പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകളുടെ ഉപയോ​ഗമാണ് പരിശോധിക്കുന്നത്.

ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ലഹരിയുപയോഗത്തിന് തടയിടാനായുള്ള ലഹരിവിരുദ്ധനയമാണ് ‘പോഡ’. കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനയ്ക്കുപുറമേ ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരിയുപയോഗം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് PODA നയം.

Related Posts