സംസ്ഥാനത്തുടനീളം 70-ഓളം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ പലയിടത്തും രാഷ്ട്രീയ ധാർമ്മികതയേക്കാൾ അധികാരത്തിനാണ് മുൻഗണന നൽകപ്പെട്ടത്.
കോട്ടയം: കുമരകം മോഡൽ (ബിജെപി – യുഡിഎഫ് സഖ്യം)
എൽ ഡി എഫിന് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും, ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തു. വോട്ടുകൾ തുല്യമായതോടെ നടന്ന നറുക്കെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായ എ.പി. ഗോപി പ്രസിഡന്റായി. ഇതോടെ സിപിഎമ്മിന്റെ ഉറച്ച കോട്ടയിൽ ബിജെപി സഹായത്തോടെ കോൺഗ്രസ് ഭരണം പിടിച്ചുപറ്റി. രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴി ഒരുക്കാവുന്ന കൂട്ടുകെട്ടാണ് കോട്ടയത്ത് നടന്നിരിക്കുന്നത്.
എറണാകുളം: ട്വൻ്റി-20 സഖ്യങ്ങൾ
കിഴക്കമ്പലത്തിന് പുറത്തേക്ക് സ്വാധീനം വർദ്ധിപ്പിക്കുന്ന ട്വൻ്റി-20 പലയിടത്തും നിർണ്ണായകമായി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ കോൺഗ്രസും ട്വൻ്റി-20യും കൈകോർത്ത് ഭരണം പിടിച്ചു. സി.പി.എമ്മിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഈ വിരുദ്ധ ചേരികൾ ഒന്നിച്ചു എന്ന് വേണം കരുതാൻ. ഐക്കരനാടും വെങ്ങോലയിലും സമാനമായ നീക്കങ്ങൾ നടന്നു. ചിലയിടങ്ങളിൽ എൽഡിഎഫും ട്വൻ്റി-20യും നേർക്കുനേർ വന്നപ്പോൾ യുഡിഎഫ് നിലപാട് നിർണ്ണായകമായി.
കോഴിക്കോട്: വടകരയിലെ നാടകീയത
വടകര ബ്ലോക്ക് പഞ്ചായത്തിൽ അപ്രതീക്ഷിത അട്ടിമറി നടന്നു. എൽഡിഎഫ് ഘടകകക്ഷിയായ ആർ.ജെ.ഡി (RJD) അംഗം യുഡിഎഫ് – ആർഎംപി സഖ്യത്തിന് വോട്ട് ചെയ്തു. ഇതോടെ ഇടതുപക്ഷത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം എൽഡിഎഫിനെ തുണച്ചു.
പത്തനംതിട്ട, ആലപ്പുഴ: ക്രോസ് വോട്ടിംഗ്
എടത്വ (ആലപ്പുഴ): ബിജെപി അംഗങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തതോടെ ഇവിടെയും എൽഡിഎഫ് പുറത്തായി.
കോയിപ്രം (പത്തനംതിട്ട): ബിജെപിയുടെ പിന്തുണയോടെ കോൺഗ്രസ് വിമതർ അധികാരം പങ്കിടുന്ന സാഹചര്യം ഇവിടെ ചർച്ചയാകുന്നു.
കാസർഗോഡ് പുല്ലൂർ – പെരിയയിൽ വോട്ടെടുപ്പിൽ നിന്ന് കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗവും വിട്ടു നിന്നു. തെരഞ്ഞെടുപ്പ് മാറ്റി. കോൺഗ്രസ് – ബിജെപി കൂട്ടുകെട്ടെന്ന സി പി എം ആരോപണം ശരിവെച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി.
















