തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് രാവിലെ 10.30നും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. പലയിടത്തും വിമതന്മാർ നിർണായകമാകും.
കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ പദവികളിലേക്കാണ് തെരഞ്ഞെടുപ്പ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെയാണ് നടക്കുക. ഇന്നലെയായിരുന്നു കോർപ്പറേഷനുകളിലേക്കുള്ള മേയർ ഡെപ്യൂട്ടി മേയർ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്തെ 6 നഗരസഭകളിൽ മേയറും ഡെപ്യൂട്ടി മേയറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. മേയർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കം മറനീക്കി പുറത്തുവന്ന തൃശൂരും കൊച്ചിയും അടക്കമുള്ള കോർപ്പറേഷനുകളിലും നേതൃത്വം നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ മേയർമാരെ തെരഞ്ഞെടുത്തു.
തൃശൂരിൽ ഡോ. നിജി ജസ്റ്റിനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ വികെ മിനിമോൾ മേയറായി. ഏറെക്കാലത്ത രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ് ദീപ്തി മേരി വർഗീസിനെ കൊച്ചി മേയറാക്കാത്തതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് ലാലി ജെയിംസിനെ മേയറാക്കാത്തതിൽ തൃശൂരിലും പ്രതിഷേധമുണ്ടായി. എന്നാൽ പ്രതിഷേധം മറികടന്ന് നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ തങ്ങൾ ജയിച്ച കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർമാരെ തെരഞ്ഞെടുക്കുകയായിരുന്നു.
കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എകെ ഹഫീസും കണ്ണൂരിൽ പി ഇന്ദിരയും മേയർമാരായി ചുമതലയേറ്റു. എൽഡിഎഫ് വിജയിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവനാണ് മേയറാകുക. തിരുവനന്തപുരത്ത് എൻഡിഎയുടെ വാർഡ് കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖയെ മേയറാക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല. വിവി രാജേഷിനെ ബിജെപി തിരുവനന്തപുരത്ത് കോർപ്പറേഷൻ മേയറാക്കി.
















