ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദം.കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് ആണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻ ഗാറിൽ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ഉന്നാവ് പീഡന കേസിലെ അതിജീവിത രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണും. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിജീവിത.
















