ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട് സ്വദേശി ഡി മണിയെ(ബാലമുരുകൻ) ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഡി മണിയെന്ന പേരിൽ വ്യവസായി പറയുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ പരിശോധിക്കാനാണ് ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തേ എസ്ഐടി പ്രവാസി വ്യവസായിയുടെ മൊഴിയെടുത്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ ചോദ്യം ചെയ്യുന്നത്.
അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹൈക്കോടതിയിലെ ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടി പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കും.
















