തിരുവനന്തപുരം: അവസാന നിമിഷം വരെ തനിക്കു തന്നെ എന്നുറപ്പാക്കിയ കോർപ്പറേഷൻ മേയർ സ്ഥാനമാണ് മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നത്. അതുകൊണ്ടു തന്നെ കടുത്ത അതൃപ്തിലാണ് ശ്രീലേഖ. അനുനയിപ്പിക്കാൻ ബിജെപി ശ്രമം തുടരുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായി. അതേസമയം തന്റെ അതൃപ്തി ശ്രീലേഖ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്. മുതിർന്ന കേന്ദ്ര നേതാക്കൾ നേരിട്ട് ശ്രീലേഖയുമായി സംസാരിക്കുമെന്നാണ് വിവരം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉൾപ്പെടെയുള്ള പദവികൾ നൽകുന്നത് പാർട്ടിയുടെ പരിഗണനയിലുണ്ട്.
















