തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും പുതിയ മേയർമാർ ചുതലയേറ്റു. മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മേയർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കം മറനീക്കി പുറത്തുവന്ന തൃശൂരും കൊച്ചിയും അടക്കമുള്ള കോർപ്പറേഷനുകളിലും നേതൃത്വം നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ മേയർമാരെ തെരഞ്ഞെടുത്തു.
തൃശൂരിൽ ഡോ. നിജി ജസ്റ്റിനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ വികെ മിനിമോൾ മേയറായി. ഏറെക്കാലത്ത രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ് ദീപ്തി മേരി വർഗീസിനെ കൊച്ചി മേയറാക്കാത്തതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് ലാലി ജെയിംസിനെ മേയറാക്കാത്തതിൽ തൃശൂരിലും പ്രതിഷേധമുണ്ടായി. എന്നാൽ പ്രതിഷേധം മറികടന്ന് നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ തങ്ങൾ ജയിച്ച കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർമാരെ തെരഞ്ഞെടുത്തു.
കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എകെ ഹഫീസും കണ്ണൂരിൽ പി ഇന്ദിരയും മേയർമാരായി ചുമതലയേറ്റു. എൽഡിഎഫ് വിജയിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവനാണ് മേയറാകുക. തിരുവനന്തപുരത്ത് എൻഡിഎയുടെ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖയെ മേയറാക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല. വിവി രാജേഷിനെ ബിജെപി തിരുവനന്തപുരത്ത് കോർപ്പറേഷൻ മേയറാക്കി.
തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ഗുരുതര ആരോപണവുമായി തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ലാലി ജെയിംസ് രംഗത്തുവന്നിരുന്നു. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്ന് ലാലി ജെയിംസ് സംശയം പ്രകടിപ്പിച്ചു. പണമില്ലാത്തതിനാലാകണം തന്നെ മേയറാക്കാത്തതെന്നും ലാലി ജെയിംസ് പറഞ്ഞു. കൊച്ചിയിൽ മിനിമോളുടെ സത്യപ്രതിജ്ഞ ചടങ്ങിനുമുമ്പ് തന്നെ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് വേദിവിട്ടു. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് നടക്കുക.
















