തൃശൂർ: തൃശൂർ കോർപ്പറേഷനിലെ നിയുക്ത മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ഗുരുതര ആരോപണവുമായി തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ലാലി ജെയിംസ്. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിക്കുന്നത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും അവർ ആരോപിച്ചു.
മൂന്ന് ദിവസം മുമ്പ് തന്നെ ഡിസിസിയിലേക്ക് വിളിപ്പിച്ചു. പാർട്ടിക്ക് പ്രവർത്തിക്കാൻ പണം വേണമെന്ന് അറിയിച്ചെന്നും ലാലി ജെയിംസ് പറയുന്നു. നിജി ജെസ്റ്റിൻ പാർട്ടി പദവികളിലുണ്ടെങ്കിലും പ്രവർത്തനങ്ങളിൽ സജീവമല്ലെന്നും അവർ ആരോപിച്ചു. സാരി ചുളിയുകയോ കൈ നനയാൻ നിൽക്കുകയോ ചെയ്യാത്ത നേതാവാണ് നിജിയെന്ന് ലാലി ജെയിംസ് പറയുന്നു.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് പാർട്ടി തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. തന്നെ മേയർ ആക്കില്ലെന്ന് അറിഞ്ഞപ്പോൾ തേറമ്പലിനെ പോയി കണ്ടിരുന്നു. തന്റെ മകൾ തേറമ്പിൽ രാധാകൃഷ്ണനോട് വേദനയോടുകൂടി ഒരു വർഷമെങ്കിലും മേയർ ആക്കുമോ എന്ന് ചോദിച്ചപ്പോൾ ചങ്ക് പിടഞ്ഞു പോയി. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. താൻ ചോദിച്ചപ്പോൾ ഒരു വർഷം നൽകാമെന്ന് പറഞ്ഞു. അത് തനിക്ക് വേണ്ട. മേയർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുവരെയും പാർട്ടി വിപ്പ് കൈപ്പറ്റിയില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.
അതേസമയം നിയുക്ത മേയർ നിജി ജസ്റ്റിൻ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചു. നഗരസഭ ചുമതലയ്ക്കിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യില്ലെന്നും അവർ പറഞ്ഞു. താൻ ഏറെക്കാലമായി പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും നിജി ജസ്റ്റിൻ വ്യക്തമാക്കി.
















