തൃശൂർ: കെസി വേണുഗോപാലും ദീപാദാസ് മുൻഷിയും അടക്കമുള്ളവർ തൃശൂർ കോർപ്പറേഷനിൽ മേയറെ നിശ്ചയിച്ചത് താഴെ തട്ടിലുള്ളവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയെന്ന് ലാലി ജെയിംസ് പറഞ്ഞു. കോർപ്പറേഷനിലെ വാർഡുകളെക്കുറിച്ച് ധാരണയില്ലാത്തവർ മേയറെ നിശ്ചയിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. നേരത്തേ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ലാലി ജെയിംസ് പറഞ്ഞു.
ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമൊക്കെ തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയാണ്. നാലോ അഞ്ചോ നേതാക്കളല്ല കോൺഗ്രസ് പാർട്ടിയെന്നും ലാലി ജെയിംസ് തുറന്നടിച്ചു. പണമില്ലാത്തതുകൊണ്ടാണ് എന്നെ തഴഞ്ഞതെന്നും മേയർ തെരഞ്ഞെടുപ്പിൽ വോട്ട് കോൺഗ്രസ് പ്രതിനിധിയ്ക്ക് തന്നെയാണെന്നും ലാലി പറഞ്ഞു. നിജി ജോസ് എന്നല്ല, മേയർ ആരായാലും വോട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്നെയാണ്. എന്‍റെ മനസാക്ഷിയുടെ തീരുമാനമാണ് അത്. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
എനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വാർത്ത കണ്ടു. അവരെ അച്ചടക്കം പഠിപ്പിക്കാൻ എനിക്കറിയാം. സാമ്പത്തിക വിഷയമടക്കം നിരവധി കാര്യമുണ്ട്. കോർപ്പറേഷനിൽ നീണ്ട കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്ന രാജൻ രാജൻ പല്ലനടക്കമുള്ളവരുടെ കാര്യങ്ങളുണ്ട്. രാജൻ പല്ലൻ നിലകൊള്ളുന്നത് വ്യക്തിപരമായ ഉയർച്ചക്ക് വേണ്ടി മാത്രമാണ്. തുറന്ന് പറയേണ്ട ഘട്ടം വന്നാൽ എല്ലാം തുറന്നു പറയും. പാർട്ടിക്കെതിരെ പലതും വെളിപ്പെടുത്തുമെന്നും ലാലി ജെയിംസ് തുറന്നടിച്ചു.
തൃശൂർ കോർപ്പറേഷനിലെ മേയർ ഡോ. നിജി ജസ്റ്റിനും എഐസിസിക്കും എതിരെ ഗുരുതര ആരോപണവുമായി നേരത്തേ തന്നെ തൃശൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. എഐസിസി നേതൃത്വം പണം വാങ്ങി ഡോ. നിജി ജസ്റ്റിന് മേയർ പദവി വിറ്റെന്നാണ് ലാലി ജെയിംസ് ആരോപിച്ചത്. മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും അവർ ആരോപിച്ചു. എന്നാൽ നേരത്തേ മേയറെ നിശ്ചയിച്ച എഐസിസി നേതാക്കൾ ആരെന്നതിൽ വ്യക്തത വരുത്തിയിരുന്നില്ല.
















