കോട്ടയം: പാലാ നഗരസഭയെ നയിക്കാൻ ഇനി ജന്‍സി ചെയർപേഴ്സൺ. 21 കാരി ദിയാ ബിനു പുളിക്കകണ്ടം ചുമതലയേറ്റു. പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനു പുളിക്കകണ്ടം എത്തുമ്പോൾ പിറക്കുന്നത് ചരിത്രം കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷ എന്ന നേട്ടമാണ് ദിയ ബിനു പുളിക്കകണ്ടം കൈവരിച്ചത്. 2023ല്‍ ജോസ് കെ മാണി തട്ടിത്തെറിപ്പിച്ച തന്റെ നഗരസഭ അധ്യക്ഷ സ്ഥാനമാണ് ബിനു പുളിക്കകണ്ടം മകളിലൂടെ തിരിച്ചുപിടിച്ചത്.
അച്ഛൻ ബിനു പുളിക്കകണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും വഴിതെളിച്ച രാഷ്ട്രീയ പാതയിലൂടെ ദിയ മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന് ഇതൊരു മധുരപ്രതികാരം വീട്ടൽ കൂടിയാണ്. ഒരു കുടുംബത്തിലെ മൂന്നുപേർ സ്വതന്ത്രരായി തെരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ നേരിട്ട വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും ഉള്ള മറുപടിയുമുണ്ട് നഗരസഭ അധ്യക്ഷ കസേരയ്ക്ക് പിന്നിൽ.
സ്വതന്ത്രയായി മത്സരിക്കണമെന്ന അച്ഛൻ ബിനു പുളിക്കകണ്ടത്തിന്റെ ഒരു മടിയും ഇല്ലാതെ സ്വീകരിച്ചാണ് ബി എ എക്കണോമിക്സ് ബിരുദധാരിയായ ദിയ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. പാലാ നഗരസഭയിലെ പതിനഞ്ചാം വാർഡിലെ വോട്ടർമാർ 131 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിയയെ വിജയിപ്പിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയാ ബിനു ചെയർപേഴ്സൺ സ്ഥാനത്തിരുന്ന് കൊണ്ട് തന്നെ തുടർ വിദ്യാഭ്യാസം നടത്താനുള്ള തീരുമാനത്തിലാണ്.
ആർക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന പല നഗരസഭയിൽ പിന്തുണ വേണ്ടവർക്ക് മുന്നിൽ പുളിക്കണ്ടം കുടുംബം മുന്നോട്ടുവച്ചതും ദിയ ബിനുവിനെ ചെയർപേഴ്സൺ ആക്കണമെന്ന് ആവശ്യമായിരുന്നു. ദിയ ചെയർപേഴ്സൺ ആയ നഗരസഭ കൗൺസിലിൽ അച്ഛൻ ബിനു പുളിക്കണ്ടവും അച്ഛന്റെ സഹോദരൻ ബിജു പുളിക്കകണ്ടവും ഒപ്പമുണ്ട്.
















