തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് മേയറായും ജിഎസ് ആശനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. കോർപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ആർ ശ്രീലേഖ മേയറാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ആർ ശ്രീലേഖയെ മേയറാക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരുടെ നിർദേശം. എന്നാൽ ബിജെപിയിലെ പ്രബല വിഭാഗം ഇതിനോട് യോജിച്ചിരുന്നില്ല. ബിജെപിയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്നവരെ തഴഞ്ഞ് പുറത്തു നിന്നുള്ളവർക്ക് സ്ഥാനങ്ങൾ കൊടുക്കുന്നത് അംഗീകരിക്കില്ലെന്ന് ഈ വിഭാഗം പറഞ്ഞതായാണ് വിവരം. ഇതോടെയാണ് വിവി രാജേഷിനെ മേയറാക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ നേരത്തേ തന്നെ ബിജെപിയിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കോർപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ജില്ലാ അധ്യക്ഷൻ കരമന ജയൻ എന്നിവരെയാണ് മേയറെ തീരുമാനിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നാളെ (ഡിസംബർ 26) നടക്കാനിരിക്കെയാണ് ഒദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
കോർപ്പറേഷനിൽ ഡിസംബർ 21-ന് നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ രാജീവ് ചന്ദ്രശേഖറും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവ്ദേക്കറും പങ്കെടുത്തിരുന്നു. മേയർ സ്ഥാനാർത്ഥി സസ്പെൻസാണ് എന്നായിരുന്നു ഇരുവരുടേയും പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിൽ 101 വാർഡുകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 50 സീറ്റുകൾ ആണ് എൻഡിഎ നേടിയത്. എൽഡിഎഫ് 29 വാർഡുകളിലും യുഡിഎഫ് 19 ഇടത്തും വിജയിച്ചു. 2 വാർഡുകളിൽ വിജയം നേടിയത് സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.
അതേസമയം മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സിപിഎം സ്ഥാനാർത്ഥിയായി. ആർപി ശിവജി സിപിഎം മേയർ സ്ഥാനാർത്ഥിയായി കോർപ്പറേഷനിൽ മത്സരിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ ക്രിയാത്മക പ്രതിപക്ഷമായിരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ച വിഴിഞ്ഞത്ത് ജനുവരി പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു മുന്നണികൾക്കും നിർണായകമാണ് വിഴിഞ്ഞം വാർഡിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്.
















