Homepage Featured Kerala News

ക്രിസ്മസ് കരോളുകൾക്കെതിരെ കേരളത്തിൽ അതിക്രമം; എല്ലാത്തിനും പിന്നിൽ സംഘപരിവാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് കരോളുകൾക്കെതിരെ കേരളത്തിൽ നടന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി.
ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം ക്രിസ്തീയ ഭവനങ്ങളിൽ കേക്കുമായി ചെന്നവർ ഇപ്പോൾ അവരെ അക്രമിക്കുന്ന കാഴ്ചയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിനുനേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രം​​ഗത്തെത്തിയത്. കരോൾസംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അനുകൂല സംഘടനകൾ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ക്രിസ്മസ് വിരുദ്ധ പ്രചാരണത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക, ചത്തീസ്​ഗഢ് മുതലായ സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നതിന്റെ വാർത്തകൾ പുറത്തുവരികയാണ്. ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി.

ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാക്കി. സംസ്ഥാനത്തെ തപാൽ ഓഫീസുകളിൽ ക്രിസ്മസ് ആഘോഷപരിപാടിയിൽ ​ആർഎസ്എസിന്റെ ​ഗണ​ഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയൻ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകൾ ഓഫീസുകളിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തീരുമാനിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.

Related Posts