കൊച്ചി: ‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിനായകന് കഴുത്തിന് പരുക്കേറ്റിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ‘വെയിൻ സപ്പറേറ്റഡായി, രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞത് , അല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’- വിനായകൻ പ്രതികരിച്ചു.
‘ആട് 3’യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. എംആർഐ പരിശോധന നടത്തിയപ്പോഴാണ് പേശികൾക്കുണ്ടായ ക്ഷതം സാരമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
2015-ൽ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആടി’ന്റെ മൂന്നാംഭാഗമാണ് ‘ആട് 3’. അടുത്തവർഷം മാർച്ച് 19-ന് ഈദ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
















