Homepage Featured Local News

കോഴിക്കോട് തിരുവമ്പാടിയിൽ കോണ്‍ഗ്രസ് ഭരണം; വിമതൻ പഞ്ചായത്ത് പ്രസിഡന്റാകും

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇതോടെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. ഇടത് വലത് മുന്നണികളിലെ അംഗങ്ങളുടെ എണ്ണം തുല്യമായതോടെയാണ് കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാണ് ജിതിൻ 535 വോട്ടുകള്‍ക്ക് ജയിച്ചത്.

ഭരണസമിതിയുടെ ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി കാലയളവില്‍ കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകാനാണ് ധാരണ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 9 അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്.

പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ നിന്നാണ് ജിതിന്‍ മത്സരിച്ച് ജയിച്ചത്. ഇവിടെ കോൺ​ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടോമി കൊന്നക്കല്‍ ആയിരുന്നു. വാര്‍ഡില്‍ നിന്നും 20 കിലോമീറ്ററോളം ദൂരത്ത് താമസിക്കുന്ന ടോമിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജിതിന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. കൈപ്പത്തി ചിഹ്നം ലഭിക്കാത്തതിനെത്തുടർന്ന് തുടര്‍ന്ന് തനിക്ക് അനുവദിച്ച ടെലിവിഷന്‍ ചിഹ്നത്തിലാണ് ജിതിൻ വോട്ടഭ്യര്‍ത്ഥിച്ചത്.

Related Posts