തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ വാജ്പേയി ജന്മദിനമെന്നും ജീവനക്കാർ എത്തണമെന്നും കാണിച്ച് ലോക് ഭവന്റെ സർക്കുലർ. ജീവനക്കാർ ഡിസംബർ 25 ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ ആണ് സർക്കുലർ അയച്ചത്. എന്നാൽ വിവാദമായതോടെ സർക്കുലറിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്ത് വന്നു. ജീവനക്കാർ എത്തണമെന്നതിൽ നിർബന്ധമില്ലെന്നായിരുന്നു വിശദീകരണം.
കേരളസമൂഹം ഒന്നാകെ ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് ലോക് ഭവൻ വിവാദ സർക്കുലർ പുറത്തിറക്കിയത്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വർഷം കേക്കുമായി ക്രിസ്ത്യാനികളുടെ വീട്ടിൽ പോയവരാണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
അതേസമയം പ്രത്യാശയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ചേർത്തുനിർത്തലിൻ്റെയുമൊക്കെ മഹത്തായ സന്ദേശമാണ് ക്രിസ്മസ് ദിനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വേദനിക്കുന്നവരെ സഹായിക്കാനും, ഒറ്റപ്പെട്ടവരെ കൈവിടാതിരിക്കാനും ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിൻ്റെയും ആക്രോശങ്ങൾക്കെതിരെ മാനവികതയുടെ ഐക്യപ്പിറവിയുടെ ഓർമ നമുക്ക് ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ക്രിസ്മസ് സന്ദേശമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.
















