വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളചിത്രം ‘വരവേൽപ്പി’ലെ മുരളിയെ ആർക്കും മറക്കാനാവില്ല. വരവേൽപ്പിലെ മുരളി ഏറെക്കാലത്തിനുശേഷം നാട്ടിലേക്ക് വന്നതായിരുന്നു. വലിയ വരവേൽപ്പായിരുന്നു തന്റെ ജന്മനാട് അയാൾക്ക് നൽകിയത്. രാത്രി വൈകി എത്തിയ മുരളിയെ കുടുംബം ഉറങ്ങാതെ കാത്തിരുന്നു. അന്ന് കേരളത്തിലെ മിക്ക കുടുംബങ്ങളിലും ഒരു ‘മുരളി’യുണ്ടാകും, നാടിനേയും വീടിനേയും സ്നേഹിക്കുന്ന, എന്നാൽ വിദേശത്തേക്ക് ചേക്കേറേണ്ടിവന്ന ഒരാൾ. അയാൾക്ക് സ്വന്തം നാടിനെ വളർത്തണമെന്നും നാട്ടിൽ ഒരു ജീവിതം കെട്ടി പടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ചെറിയൊരു ബിസിനസ് ചെയ്യുക, ഏതൊരു പ്രവാസിയെപ്പോലെയും അയാളുടേയും ആഗ്രഹമായിരുന്നു.
’ഗൾഫ് മോട്ടോഴ്സ്’ എന്ന പേരിൽ മുരളി ബസ് സർവീസ് ആരംഭിച്ചു. എന്നാൽ അന്നത്തെ ചുറ്റുപാടുകൾ അയാൾക്ക് അനുകൂലമായിരുന്നില്ല. ബിസിനസിലെ പരിചയക്കുറവും ബസ് ജീവനക്കാരൻ വത്സന്റെ വഞ്ചനയും ഒക്കെ അയാൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. വരവേൽപ്പിന്റെ കഥ രചിച്ചത് ശ്രീനിവാസൻ ആയിരുന്നു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലായിരുന്നു സിനിമ ചിത്രീകരിച്ചത്.
വർഷങ്ങൾക്കുശേഷം 2025 ൽ സത്യൻ അന്തിക്കാടിന്റെ തന്നെ മറ്റൊരു കഥാപാത്രം ‘ക്ലൗഡ് കിച്ചൺ’ എന്ന സംരഭം ആരംഭിച്ച സന്ദീപ് ബാലകൃഷ്ണന്റേതായിരുന്നു. ഹൃദയപൂർവം എന്ന ചിത്രത്തിലായിരുന്നു സന്ദീപ് എന്ന കഥാപാത്രം. സന്ദീപിന്റെ സംരഭം വലിയ വിജയമായി. സിനിമയിൽ മാത്രമല്ല അത്തരം വിജയങ്ങളുടെ കഥ പറയുന്ന ഒട്ടനവധിപേരെ ഇന്ന് കേരള സമൂഹത്തിൽ കാണാനാകും. നിക്ഷേപ സൗഹൃദ റാങ്കിംഗിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി വിദേശ നിക്ഷേപ പദ്ധതികൾ കേരളത്തിലേക്ക് എത്താനാരംഭിച്ചു. ചെറുതും വലുതുമായ നിക്ഷേപങ്ങൾക്ക് ഇന്ന് സംസ്ഥാനത്തെ സർക്കാരിന്റെ മാത്രമല്ല ജനങ്ങളുടേയും പ്രോത്സാഹനം ലഭിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ശേഷം 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താല്പര്യപത്രങ്ങൾ സംസ്ഥാനത്തിന് ലഭിച്ചു. 449 താൽപര്യപത്രങ്ങളാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ചത്. ഇതിൽ ആവശ്യമുള്ള 276 പദ്ധതികൾക്ക് ഭൂമി ലഭ്യമാക്കി. പത്തുമാസത്തിനിപ്പുറം ഇതിൽ 104 നിക്ഷേപ പദ്ധതികളുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഇതിനകം നിർമ്മാണമാരംഭിച്ച പദ്ധതികളിലൂടെ മാത്രം 35,463 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്.
ടൂറിസം, ഐടി, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണം, ഫാർമ സ്യൂട്ടിക്കൽസ്, മര അധിഷ്ഠിത വ്യവസായങ്ങൾ, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലാണ് ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളത്. അടുത്തിടെ കേരളത്തിൽ ആരംഭിച്ച ചില സംരഭങ്ങൾ ഇതിന് ഉദാഹരണമാണ്. ഡെന്റൽ കെയർ രംഗത്ത് ഏറ്റവും മികച്ച സേവനം നൽകുന്ന കേരളത്തിൽ നിന്ന് ഈ മേഖലയിൽ പുതിയൊരു മാനുഫാക്ചറിങ്ങ് കമ്പനി കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡെന്റൽ കെയറിനാവശ്യമായ ഡെന്റൽ ഫയലുകൾ നിർമ്മിക്കുന്ന ഹനുമത് ഗ്ലോബൽ ഡെൻ്റൽ ഫയൽ മാനുഫാക്ചറിങ്ങിന്റെ യൂണിറ്റ് ആദ്യഘട്ടം പ്രവർത്തനം നടത്തി വിജയിച്ച് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തരത്തിൽ വ്യവസായ സാധ്യതകൾ പഠിച്ച് പ്രയോജനപ്പെടുത്തുകയാണ് വ്യവസായികളും മറ്റു സംരഭകരും. ആൽവർസ്റ്റോൺ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തിരുവനന്തപുരം ബയോ360 പ്ലാൻ്റിൽ പുതിയ യൂണിറ്റ് ആരംഭിക്കുന്നു.
റഷ്യയിലെ പ്രധാന സൈനിക ഉപകരണ നിർമ്മാതാക്കളായ ജെഎസ്‌സി അഗറ്റ് (JSC Agat), ജെഎസ്‌സി സല്യൂട്ട് (JSC Salyut) എന്നിവ കെൽട്രോണുമായി സഹകരിക്കാൻ ഒരുങ്ങുകയാണ്. സപ്ലൈസ്, ഡിസി കൺവെർട്ടറുകൾ, സിഗ്നൽ പ്രോസസ്സിംഗ് പോലുള്ള ഉപകരണങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഒരുമിച്ച് പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയാകുകയും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ധാരണാപത്രം ഒപ്പിടാൻ തീരുമാനിക്കുകയും ചെയ്തു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴി കേരളത്തിലെത്തിയ മറ്റൊരു പ്രധാന നിക്ഷേപമാണ് അവിഗ്ന ഗ്രൂപ്പ് ലോജിസ്റ്റിക്സ് പാർക്ക്. പ്രഖ്യാപനം നടത്തി മാസങ്ങൾക്കുള്ളിൽ തന്നെ പാർക്കിൻ്റെ ഉദ്ഘാടനം അങ്കമാലിയിൽ നടന്നു. 150 കോടിയുടെ നിക്ഷേപം കേരളത്തിലെത്തി. 1500 പേർക്ക് പ്രത്യക്ഷമായും 250ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയിലൂടെ ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള വൻകിട കമ്പനികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
















