Homepage Featured Kerala News

വാളയാർ ആൾക്കൂട്ടക്കൊല: ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. SC/ST അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കേസിൽ കഴിഞ്ഞദിവസം രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

ആൾക്കൂട്ട കൊലപാതകത്തിൽ പങ്കെടുത്ത കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് റാം നാരായണൻ എന്ന ഛത്തീസ്​ഗഢ് സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നി​ഗമനം. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

റാം നാരായണനെ മർദ്ദിച്ച പ്രതികളിൽ ചിലർ നാടുവിട്ടെന്നാണ് പൊലീസിന്റെ നി​ഗമനം. ഇവർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ഇവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ദൃശ്യങ്ങൾ പകർത്തിയ ഫോണുകൾ നശിപ്പിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ പ്രതികളായ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദ്ദനത്തിൽ ഇരുവരും പങ്കെടുത്തു എന്നാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച 3 മണിയ്ക്കാണ് ആൾക്കൂട്ടം ഛത്തിസ്ഗഡ് സ്വദേശി റാം നാരായണനെ മർദിച്ചത്. പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പള്ളത്തായിരുന്നു സംഭവം. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി എത്തിയതായിരുന്നു ഇയാൾ. പ്രദേശത്ത് എത്തിയ ഇയാളെ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതിനുശേഷം ചില മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് റാംനാരായണൻ.

കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ആരോപണം ഉയരുന്നുണ്ടെങ്കിലും പ്രതികളുടെ രാഷ്ട്രീയം സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൾ ‘ബം​ഗ്ലാദേശ് സ്വദേശിയാണോ’ എന്ന് ചോദിച്ച് ഇയാളെ മർദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാ​ഗ്രത വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും റാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Related Posts