Homepage Featured Kerala News

കുട്ടികളുടെ കരോൾ സംഘത്തെ ആക്രമിച്ച സംഭവം; മതസൗഹാർദ്ദം തകർക്കാൻ നീക്കമെന്ന് കോൺ​ഗ്രസ്, രൂക്ഷവിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും

പാലക്കാട്: പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. സംഭവം മതസൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കമെന്ന് കോൺ​ഗ്രസ് പറഞ്ഞു. സംഭവത്തെ രൂക്ഷമായി വിമർശിച്ച സിപിഎം – ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധ സൂചകമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കരോൾ നടത്തുമെന്ന് അറിയിച്ചു. കരോൾ തടയാൻ എവിടെയൊക്കെ ശ്രമം ഉണ്ടായാലും പ്രതിരോധവുമായി തങ്ങൾ ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കുട്ടികൾ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുട്ടികളടങ്ങുന്ന കരോൾ സംഘം പുതുശ്ശേരി സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോൾ അശ്വിൻ രാജ് എന്ന ബിജെപി പ്രവർത്തകൻ മറ്റു രണ്ടുപേരോടൊപ്പം ആക്രമിക്കുകയായിരുന്നു. കരോളിനുപയോ​ഗിച്ച ഡ്രമ്മിൽ സിപിഎമ്മിന്റെ പേരുണ്ടെന്ന് പറഞ്ഞാണ് പ്രതി കുട്ടികളെ ആക്രമിച്ചത്. സംഘത്തിന്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലയിലെ 2500 യൂണിറ്റിലും പ്രതിഷേധ കരോൾ നടത്തും. കേസുമായി ബന്ധപ്പെട്ട് പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്വിൻ രാജിനെ 308-ാം വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

കരോൾ മാന്യമായിരിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു. എന്നാൽ കുട്ടികളുടെ കരോളിൽ എന്ത് തെറ്റായ സമീപനമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാൻ ഷോൺ ജോർജിന് കഴിഞ്ഞില്ല. മദ്യപിച്ച് കരോൾ നടത്തരുതെന്ന് പാലക്കാട്ടെ ബിജെപി നേതാവ് സി കൃഷ്ണകുമാറും പറഞ്ഞു. എന്നാൽ കുട്ടികൾ മദ്യപിച്ചെന്നാണോ ആരോപണമെന്ന് ചോദിച്ചപ്പോൾ പൊതുവിൽ പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആക്രമണത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നതിലൂടെ കൃഷ്ണകുമാറിന്റെ യഥാർത്ഥ മുഖം വ്യക്തമായെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. അക്രമത്തിന് പിന്നിലുള്ള പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

Related Posts