Homepage Featured Kerala News

സംസ്ഥാനത്ത് പക്ഷിപ്പനി; 12 ഇടത്ത് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും

കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച 12 ഇടത്ത് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.

കോഴി, താറാവ്, കാട എന്നിവ ഉൾപ്പെടെയുള്ള പക്ഷികളിൽ രോ​ഗബാധ കണ്ടെത്തി. ക്രിസ്തുമസ് പുതുവത്സര വിപണിക്കായി കാത്തിരുന്ന കർഷകർക്ക് രോ​ഗബാധ തിരിച്ചടിയായി. ആലപ്പുഴയിൽ 19,811 പക്ഷികളെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുക.

ദേശാടനപക്ഷികളിലൂടെയാണ് രോഗബാധ പടർന്നതെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷികൾ അസ്വഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്.

Related Posts