Homepage Featured Kerala News

വാളയാർ ആൾക്കൂട്ട കൊലപാതകം; റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. റാം നാരായണന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞദിവസം തൃശൂരിലെത്തിയിരുന്നു. മൃതദേഹം ഇന്ന് സ്വദേശമായ ഛത്തീസ്​ഗഡിലേക്ക് കൊണ്ടുപോകും.

തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. പുലർച്ചെ 2.30 കഴിഞ്ഞ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം ഛത്തീസ്​ഗഢിലേക്ക് കൊണ്ടുപോകും. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും. സംസ്ഥാനസർക്കാരാണ് ചെലവ് വഹിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച 3 മണിയ്ക്കാണ് ആൾക്കൂട്ടം ഛത്തിസ്ഗഡ് സ്വദേശി റാം നാരായണനെ മർദിച്ചത്. പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പള്ളത്തായിരുന്നു സംഭവം. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി എത്തിയതായിരുന്നു ഇയാൾ. പ്രദേശത്ത് എത്തിയ ഇയാളെ കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതിനുശേഷം ചില മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് റാംനാരായണൻ.

പതിനഞ്ചോളം പേർ പങ്കാളികളായെന്ന് കരുതുന്ന ആക്രമണത്തിൽ അഞ്ചു പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരെ ചോദ്യം ചെയ്യുമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ആരോപണം ഉയരുന്നുണ്ടെങ്കിലും പ്രതികളുടെ രാഷ്ട്രീയം സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. എന്നാൾ ബം​ഗ്ലാദേശ് സ്വദേശിയാണോ എന്ന് ചോദിച്ച് ഇയാളെ മർദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാ​ഗ്രത വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും റാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Related Posts