India Lead News News

എസ്ഐആർ; കേരളമടക്കം 3 സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാറിലെയും കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഡൽഹി: കേരളമടക്കം 3 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലെയും എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളത്തിനുപുറമേ മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും.

നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ​ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം നീട്ടണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.എസ്‌ഐആറിന്റെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പുറന്തള്ളപ്പെടില്ല എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക കാരണങ്ങളാല്‍ വ്യക്തികളുടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ആണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത്. പട്ടികയിൽ നിന്നും 25 ലക്ഷം പേര്‍ പുറത്തായെന്ന് മാധ്യമവാർത്തകൾ പുറത്തുവന്നിരുന്നു. കേരളത്തില്‍ ഇതിന് മുമ്പ് എസ്‌ഐആര്‍ പ്രക്രിയ നടന്നത് 2002ലാണ്. അന്ന് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് (അതായത് ഇന്ന് 40 വയസ്സിനു താഴെയുള്ളവര്‍) പുതിയ വോട്ടര്‍ പട്ടികയില്‍ ഇടംനേടാന്‍ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ജില്ലയില്‍ ഏകദേശം 2 ലക്ഷം പേര്‍ എന്ന കണക്കില്‍ നിലവില്‍ വോട്ടര്‍ പട്ടികയില്‍ അര്‍ഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങള്‍ പ്രകാരം മനസ്സിലാക്കാന്‍.

Related Posts