Homepage Featured Local News

കുറ്റപത്രത്തിനെതിരെ യദുവിന്റെ ഹർജി; മുൻ മേയർക്കും എംഎൽഎയ്ക്കുമെതിരെ കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജിയിൽ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ കോടതിയുടെ നോട്ടീസ്. താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ നിന്ന് ഇരുവരേയും ഒഴിവാക്കിയതിനെതിരെ ആണ് യദു ഹർജി നൽകിയിരുന്നത്. ഈ ഹർജി പരി​ഗണിച്ച തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുൻ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും എതിരെ നോട്ടീസയച്ചത്.

2024 ൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായി യദു ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടതി നടപടി. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം മുന്നിൽ ഇട്ട് യദു ഡ്രൈവറായിരുന്ന കെഎസ്ആർടിസി ബസ് തടയുകയായിരുന്നു. 2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ളക്സിൽ വെച്ചായിരുന്നു സംഭവം.

ഈ സംഭവവുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശ പ്രകാരമെടുത്ത കേസിൽ മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, ആര്യയുടെ സഹോദരൻ അരവിന്ദ്, സഹോദരൻറെ ഭാര്യ എന്നിവർ പ്രതിയായിരുന്നു. എന്നാൽ മേയറെയും എംഎൽഎയെയും ഒഴിവാക്കി വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഈ കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കാറോടിച്ചിരുന്ന മേയറുടെ സഹോദരൻ മാത്രമാണ് നിലവിലെ കുറ്റപത്രത്തിൽ പ്രതി. ബസ് തടഞ്ഞ് കാർ സീബ്ര ലൈനിൽ ഇട്ടത് മാത്രമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഡ്രൈവർ യദുവിനെ എംഎഎൽഎ അസഭ്യം പറഞ്ഞതിന് സാക്ഷികളില്ല. കെഎസ്ആർടിസി ഡ്രൈവർ റൂട്ട് തെറ്റിച്ചായിരുന്നു ബസ് ഓടിച്ചിരുന്നത്. അതിനാൽ ഡ്യൂട്ടി തടസ്സപെടുത്തിയതെന്ന പരാതി നിലനിൽക്കില്ല. അശ്ലീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് സച്ചിൻ ദേവ് ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം പൊലീസ് തുടക്കം മുതൽ മേയറേയും എംഎൽഎയെയും രക്ഷിക്കാനുള്ള ശ്രമം നടത്തിയെന്ന് യദു ആരോപിക്കുന്നു. ഈ കേസിലെ പ്രധാന തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് ഇനിയും കണ്ടെത്താനായിട്ടില്ല.

Related Posts