തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധി കണക്കിലെടുത്ത് കേരളത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബെഗളൂരു-കൊല്ലം റൂട്ടിലാണ് ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിലും ഒരു പ്രത്യേക സർവീസ് റെയിൽവേ അനുവദിച്ചിട്ടുണ്ട്.
ഡിസംബർ 20നും 25നും ഇടയിൽ ഒരു പ്രത്യേക ട്രെയിൻ മാത്രമാണ് നേരത്തേ ബെംഗളൂരുവിൽ നിന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. ഇത് യാത്രാപ്രശ്നം പരിഹരിക്കില്ലെന്ന മാധ്യമവാർത്തകൾ പുറത്തു വന്നതോടെ വീണ്ടും ഒരു ട്രെയിൻ കൂടി അനുവദിക്കുകയായിരുന്നു. ബെഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ ഡിസംബർ 25ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുറപ്പെടും. ട്രെയിൻ വെള്ളിയാഴ്ച 6.30ന് കൊല്ലത്തെത്തും. അതേസമയം ബംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി 25ഉം കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറുപത്തിയാറും ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഡിസംബർ 24, 31 തീയതികളിൽ സർവീസ് നടത്തും. എറണാകുളത്തേക്ക് ഇക്കുറി ഒരു അധിക സർവീസ് മാത്രമാണ് ഇതേവരെ പ്രഖ്യാപിച്ചത്. മലബാർ മേഖലയിലേക്കും ഒരു ട്രെയിൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഓണക്കാലത്ത് തിരുവനന്തപുരത്തേക്ക് രണ്ട് അധിക സർവീസുകളും മലബാറിലേക്ക് ഒരു സർവീസും റെയിൽവേ നടത്തിയിരുന്നു.
















