ഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം. യുപിഎ സർക്കാറിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി നിലവിൽവന്നിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകൾ പദ്ധതിയെ തകർക്കാനുള്ളതാണ് എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.
ലോക് സഭയിൽ നേരത്തേ ബിൽ പാസായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 12.30 വരെ നീണ്ട ചർച്ചയ്ക്കു ശേഷം രാജ്യസഭയിലും ബിൽ പാസായതോടെ രാഷ്ട്രപതി പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം നൽകുകയായിരുന്നു. വികസിത് ഭാരത് ഗ്യാരന്റീ ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ(ഗ്രാമീൺ) (VBGRAMG) എന്ന ബില്ലാണ് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായത്. നേരത്തേയുണ്ടായ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റീ ആക്ട്(MGNREGA) ന് പകരമായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ബിൽ പാസാക്കുന്ന സമയത്ത് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ലോക് സഭയിലില്ലാത്തത് വിവാദമായിരുന്നു. ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചിരുന്നു. മഹാത്മ ഗാന്ധിയുടെ ചിത്രം ഉയർത്തിയായിരുന്നു പ്രതിഷേധം. സംസ്ഥാനങ്ങൾക്ക് അമിത സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതും കേന്ദ്രത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്നോട്ടു പോകുന്നതുമാണ് നിയമമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന വിമർശനം.
















