കൊച്ചി: ലഹരി ഉപയോഗിച്ചെന്ന കേസിൽ ഫോറൻസിക് ഫലം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂലം. ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെടാൻ ശ്രമിച്ചതെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഷൈനിനെ മണിക്കൂറുകളോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
സിനിമാപ്രവർത്തകർക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേരളം ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു ഷൈനിന്റെ കേസ്. കഴിഞ്ഞ ഏപ്രിലിൽ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായായിരുന്നു പരിശോധന.
കൊച്ചിയിലെ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി സ്വിമ്മിങ് പൂളിലേക്ക് ചാടിയെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസവും ഷൈൻ തള്ളിയിരുന്നു. യെസ്27മീഡിയയുടെ ടോക് ഷോയിൽ നടൻ കൈലാഷുമായി സംസാരിക്കുന്നതിനിടെയായിരുന്നു സ്വിമ്മിങ് പൂളിലേക്ക് ചാടിയെന്നടക്കമുള്ള ചാനൽ റിപ്പോർട്ടുകൾ നടൻ തള്ളിയത്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് പങ്കില്ലെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈൻ വ്യക്തമാക്കിയിരുന്നു. ഈ കേസിൽ പിടിക്കപ്പെട്ട തസ്‍ലിമയുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. എന്നാൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയിരുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിന് ചികിത്സ നൽകിയത്.
















