സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു
കോട്ടയം: ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിൻ്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് സഹകരണം – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്‍റെ സഹകരണ ക്രിസ്മസ് -പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി ഒന്നു വരെയാണ് വിപണി പ്രവര്‍ത്തിക്കുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 33രൂപ നിരക്കിൽ ജയ അരി എട്ടു കിലോഗ്രാമും കുത്തരിയും കുറുവ അരിയും 10 കിലോഗ്രാം വീതവും ലഭിക്കും. 29 രൂപ നിരക്കിൽ രണ്ട് കിലോ പച്ചരി, 34.65 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര, 85 രൂപയ്ക്ക് ഒരു കിലോ ചെറുപറയർ , 87 രൂപയ്ക്ക് ഒരു കിലോ ഉഴുന്ന്, 147 രൂപയ്ക്ക് അര ലിറ്റർ വെളിച്ചെണ്ണ എന്നിവയും ലഭിക്കും.
അതേസമയം ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ ആരംഭിച്ചു. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിച്ചിരിക്കുന്നത്.
സപ്ലൈകോ വിൽപ്പനശാലകളിൽ വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. നിലവിൽ ലിറ്ററിന് 319 രൂപ സബ്സിഡി നിരക്കിൽ നൽകുന്ന ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകുകയാണ്. നിലവിൽ കാർഡൊന്നിന് ഒരു ലിറ്റർ ലഭിക്കുന്ന സ്ഥാനത്ത് ഡിസംബർ, ജനുവരി മാസങ്ങളിൽ രണ്ട് ലിറ്റർ വീതം ലഭ്യമാക്കും. ഇതിനു പുറമെ സബ്സിഡി ഇതര നിരക്കിൽ 329 രൂപയ്ക്കും വെളിച്ചെണ്ണ ലഭിക്കുന്നതാണ്. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5മുതൽ 50% വരെ വിലക്കുറവില്‍ ലഭിക്കുന്നു.
















