പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും റാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഈ സംഭവത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നുവെന്നും കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ‘പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിൻ്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും.’- മുഖ്യമന്ത്രി പറഞ്ഞു.
കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
















