Homepage Featured Kerala News

എഴുതാന്‍ സിഗരറ്റ് വേണമെന്നായി, അമിതമായ പുകവലി; തനിക്കു പറ്റിയ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ശ്രീനി ഉപദേശം നല്‍കി

69 കാരനായ ശ്രീനിവാസന്‍ സ്‌ക്രീനില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടചൊല്ലുമ്പോള്‍ മലയാളികള്‍ തീരാനൊമ്പരത്തിലാണ്. ശ്രീനിക്കു പോകാന്‍ സമയമായിട്ടില്ലല്ലോ എന്നാണ് ഓരോ മലയാളിയും കണ്ണീരോടെ ചോദിക്കുന്നത്. എന്നാല്‍ തന്റെ ആരോഗ്യം മോശമാകാനുള്ള പ്രധാന കാരണം പുകവലിയെന്ന ദുശീലമാണെന്ന് ശ്രീനിവാസന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും ശ്രീനിവാസനു അസുഖങ്ങള്‍ ഉണ്ടായിരുന്നു. അതിനൊരു പ്രധാന കാരണം പുകവലി തന്നെയാണെന്ന് ശ്രീനി ഈയടുത്ത് പോലും ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വിഎം വിനു സംവിധാനം ചെയ്ത ‘കുട്ടിമാമ’ എന്ന സിനിമയുടെ ഡബ്ബിങ്ങിനു ഇടയിലാണ് ആദ്യമായി ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ മോശമാകുന്നത്. ഡബ്ബിങ്ങിനിടെ ഒരു ശ്വാസംമുട്ടല്‍ തോന്നി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കാറിനകത്ത് വെച്ച് ആരോഗ്യം മോശമാകുകയും ഓര്‍മ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സിപിആര്‍ നല്‍കിയാണ് തന്റെ ജീവിന്‍ തിരിച്ചുപിടിച്ചതെന്ന് ശ്രീനിവാസന്‍ പറയുന്നു.

‘ ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാന്‍ വലിച്ചുപോകും, അത്രയ്ക്ക് അഡിക്ഷനുണ്ട്. മറ്റുള്ളവരോട് എനിക്ക് ഒരു ഉപദേശമേയുള്ളൂ, കഴിയുമെങ്കില്‍ പുകവലിക്കാതിരിക്കുക,’ ആരോഗ്യം മോശമായ സമയത്ത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്.

പുകവലി കാരണമാണ് പല അസുഖങ്ങളും വന്നത്. എഴുതുന്ന സമയത്ത് സിഗരറ്റ് അഡിക്ഷന്‍ പോലെയായിരുന്നു. ആഗ്രഹിച്ച പോലെ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ ഭ്രാന്ത് വരും. അപ്പോള്‍ സിഗരറ്റ് ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ കൂടുതല്‍ കൂടുതല്‍ പുകവലിച്ചെന്നും ശ്രീനി പറയുന്നു.

മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ അച്ഛന്റെ പുകവലി ശീലത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സിഗരറ്റ് വലിയാണ് അച്ഛന്റെ ആരോഗ്യത്തെ ഇത്ര പ്രതികൂലമായി ബാധിച്ചതെന്നാണ് ധ്യാന്‍ പറഞ്ഞത്. ‘ അച്ഛന്‍ അലോപ്പതിക്ക് എതിരാണ്, മൈദയ്ക്കും പൊറോട്ടയ്ക്കും എതിരാണ്. എന്നാല്‍ ഇതിനൊക്കെ എതിരാണെങ്കിലും അദ്ദേഹം നന്നായി സിഗരറ്റ് വലിക്കും, അതിന് മാത്രം അദ്ദേഹം എതിരല്ല.’ എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

Related Posts