പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റൊദാം ജ്വല്ലറി ഉടമ ഗോവർധന്റെയും പങ്ക് വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റി. ഇരുവരുടേയും റിമാൻഡ് റിപ്പോർട്ടിലാണ് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനേയും തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ശബരിമലയിലെ സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുവരും പ്രതിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ദ്വാരപാലകശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചതിനാണ് സ്മാർട്ട് ക്രിയേഷൻസ് സിഇഒയെ അറസ്റ്റ് ചെയ്തത്. വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധന്റെ ജ്വല്ലറിയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
ദ്വാരപാലക ശിൽപ്പം സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു കേസിൽ ആദ്യം അന്വേഷണ സംഘത്തിന്റെ പിടിയിലായത്. തുടർന്ന് ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മുരാരി ബാബു, എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാർ, ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എൻ വാസു, തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാർ, ശബരിമല അഡ്മിനിസ്ട്രേറ്ററായിരുന്ന എസ് ശ്രീകുമാർ തുടങ്ങിയവരേയും അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു.
എസ് ശ്രീകുമാറിനെ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലായത്. ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ധന്‍റെ വാദം. ഗോവര്‍ധന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിനുമേൽ വീണ്ടും സ്വർണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് ചെമ്പ് ആയിരുന്നു എന്നാണ് പങ്കജ് ഭണ്ഡാരിയുടെ നേരത്തേയുള്ള മൊഴിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
















