തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ത്രിതല പഞ്ചായത്തുകളിലും നഗരസഭയിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ.
ഏറ്റവും മുതിർന്ന അംഗമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചുമതല. നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ഭരണസമിതി യോഗവും ഇന്ന് ചേരും. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇരുപത്തിയേഴിനും നടക്കും.
















