കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്.
വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത് കൃഷി ആരംഭിച്ച കൊച്ചി കണ്ടനാടുള്ള പുന്നച്ചാലിലെ വയലിനും പാലാഴി എന്ന ശ്രീനിവാസന്റെ വീടിനും സമീപത്തായാണ് അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കിയത്. 11.30 ഓടെ മക്കളായ വിനീതിന്റെയും ധ്യാനിന്റെയും ഭാര്യ വിമല ടീച്ചറുടേയും സാന്നിധ്യത്തിൽ മൃതദേഹം ചിതയിലേക്കെടുത്തു. വികാരനിർഭരമായ യാത്രയയപ്പായിരുന്നു മലയാളത്തിന്റെ ശ്രീനിക്ക് ലഭിച്ചത്. ആചാരപ്രകാരമുള്ള അവസാന ചടങ്ങുകൾക്കുശേഷം സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നലെ രാവിലെ ഡയാലിസിസിനായി പോകുന്ന വഴിയിൽ ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ നിലനിർത്താനായിരുന്നില്ല. തുടർന്ന് രാവിലെ 8.30 – ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഭാര്യ വിമലയായിരുന്നു ആശുപത്രിയിൽ ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇന്നലെത്തന്നെ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇന്നലെ പുലർച്ചയോടെ അന്ത്യമായത്. സിനിമയുടേയും രാഷ്ട്രീയത്തിന്റെയും ലോകത്ത് നിറസാന്നിധ്യമായിരുന്ന ശ്രീനിവാസൻ പലപ്പോഴും അതിനെ സരസമായി വിമർശിക്കാനും തയ്യാറായിരുന്നു. മലയാളസിനിമയിൽ തന്റേതായ ശൈലിയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങളെ അവതരിപ്പിക്കാൻ ശ്രീനിക്ക് കഴിഞ്ഞു. ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും അവരെ വിമർശിക്കാൻ ശ്രീനിവാസന് മടിയുണ്ടായിരുന്നില്ല. രാഷ്ട്രീയമായി ശ്രീനിയുടെ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും രാഷ്ട്രീയപ്രവർത്തകർക്ക് ശ്രീനിവാസനോട് വ്യക്തിപരമായി എതിർപ്പുണ്ടായിരുന്നില്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണാൻ മലയാളിയെ പഠിപ്പിച്ച അഭ്രപാളിയിലെ സമരനായകനായിരുന്നു ശ്രീനിവാസൻ.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ തന്റെ ശൈലിയിലൂടെയും മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ശ്രീനിവാസൻ ലോകത്തോട് വിടപറഞ്ഞെങ്കിലും ശ്രീനിയുടെ എഴുത്തിലെ മായാജാലത്തിലൂടെ പിറന്ന കഥാപാത്രങ്ങൾ കാലാതീതമായി ജീവിക്കും. മലയാളത്തിന്റെ ചലച്ചിത്രകാരന് കണ്ണീരിൽ കുതിർന്ന വിട.
















